മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ ഓളവും തീരവും പി.എ. ബക്കറുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനമായിരുന്നു. സംവിധാനം ചെയ്ത ആദ്യചിത്രമായ കബനി നദി ചുവന്നപ്പോൾ (1975) സംസ്ഥാന പുരസ്‌കാരം നേടി. അടിയന്തരാവസ്ഥക്കാലത്ത് സെൻസർ ചെയ്ത ഈ ചിത്രം നിരവധി കട്ടുകൾക്കുശേഷമാണ് പ്രദർശനാനുമതി നേടിയത്.
ഈ ചിത്രം നക്‌സലേറ്റ് പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുകയും പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. പടത്തിന്റെ നായകൻ പിന്നീട് വിഖ്യാത സംവിധായകനായ ടി.വി. ചന്ദ്രനായിരുന്നു. ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ബക്കറുടെ സംരംഭങ്ങൾക്ക് ഊർജം നൽകിയത്. ബക്കറുടെ മണിമുഴക്കം ആ സംഘത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു.
സാറ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിനെ ആധാരമാക്കി ഒരുക്കിയ മണിമുഴക്കം സമാന്തര സിനിമയിലെ മഹത്തായ സൃഷ്ടിയായി. ബക്കർ നോവലിന്റെ മൊഴിമാറ്റം സിനിമ സംവിധായകന്റെ കലയാണെന്ന വാദത്തിന് അടിവരയിട്ടു. അസ്തിത്വവാദപരമായ ഉൾക്കാഴ്ചകളും വ്യക്തിദുഃഖങ്ങളും ഇഴചേർന്ന അവതരണമാണ് മണിമുഴക്കത്തിലുണ്ടായത്. 70-കളിലെ നവസിനിമയുടെ പ്രതീകമായിരുന്നു ഈ ചിത്രം.
Photo and News Source: Mathrubhumi







