വാഷിംഗ്ടൺ: ആരോഗ്യപരമായ ദീർഘായുസ്സിനായി മനുഷ്യൻ ആഗ്രഹിക്കുന്നത് സാധ്യമാകുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ആർട്ടിക് സമുദ്രത്തിലെ മഞ്ഞുമൂടിയ വെള്ളത്തിൽ വസിക്കുന്ന ബോഹെഡ് തിമിംഗലങ്ങളാണ് ഈ പഠനത്തിന്റെ കേന്ദ്രബിന്ദു. 200 വർഷത്തോളം ജീവിക്കുന്ന ഇവയ്ക്ക് പ്രായം കൂടുന്തോറും പിടിപെടുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക കഴിവുണ്ട്.
ഡിഎൻഎ തകരാറുകൾ പരിഹരിക്കുന്ന പ്രോട്ടീനാണ് ഇവയുടെ ദീർഘായുസ്സിനു കാരണം. ശാസ്ത്ര മാസികയായ 'നേച്ചറി'ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 'സിഐആർബിപി' എന്ന പ്രോട്ടീൻ ഡിഎൻഎ ഇഴകളിലെ സങ്കീർണ്ണമായ തകരാറുകളെ പരിഹരിക്കുന്നതായി കണ്ടെത്തി. 'ഡബിൾ സ്ട്രാൻഡ് ബ്രേക്കുകൾ' പോലുള്ള തകരാറുകൾ മനുഷ്യരിൽ വാർധക്യം വേഗത്തിലാക്കുന്നു.
മറ്റ് സസ്തനികളെ അപേക്ഷിച്ച് ബോഹെഡ് തിമിംഗലങ്ങളുടെ ശരീരത്തിൽ 100 മടങ്ങ് കൂടുതൽ സിഐആർബിപി പ്രോട്ടീൻ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഈ ശക്തമായ ഡിഎൻഎ റിപ്പയർ സംവിധാനമാണ് ഇവയുടെ ദീർഘായുസ്സിനു പ്രധാന കാരണം. ഈ പഠനം മനുഷ്യരുടെ ആയുസ്സ് വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
Photo and News Source: Kvartha










