തൃശ്ശൂർ പൂരം ഇന്ന് സമാപിക്കും. തിരുവമ്പാടിയും പാറമേക്കാവും ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതിനുശേഷം കൊടിയിറക്കുമെന്നാണ് തീരുമാനം. മാസങ്ങളോളം നീണ്ട ഒരുക്കത്തിനൊടുവിൽ മുണ്ടത്തിക്കോട് ദുരന്തം ഉണ്ടായത് പൂരത്തിന്റെ ചരിത്രത്തിലാദ്യമായിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരടക്കം പലരും ദുരന്തത്തിൽ പൊലിഞ്ഞു. പൂരത്തിന്റെ ആചാരങ്ങൾ തെറ്റിക്കാതെയും വെടിക്കെട്ട് ഒഴിവാക്കിയുമാണ് ഇത്തവണ പൂരം നടത്തിയത്.
രാവിലെ പൂരനഗരിയിലേക്കുള്ള ആളൊഴുക്ക് പ്രതീക്ഷിച്ചതിലും കുറവായിരുന്നു. ഇലഞ്ഞിത്തറമേളത്തിനും പതിവ് തിക്കുംതിരക്കും ഉണ്ടായില്ല. രാത്രിയിലെ എഴുന്നള്ളിപ്പിനുശേഷം വെടിക്കെട്ട് കാണാൻ പതിവുണ്ടായിരുന്നവർക്ക് ഇത്തവണ അതു നിഷേധിക്കപ്പെട്ടു. വിടപറഞ്ഞവരുടെ ഓർമ്മയിൽ പലരും പൂരാഘോഷത്തിൽ നിന്ന് വിട്ടുനിന്നു. പൂരം വർണ്ണാഭമാക്കാനെത്തിയ പലരും ദുരന്തത്തിന്റെ നീറ്റൽ ഇപ്പോഴും മറക്കാൻ കഴിയാതെ വലഞ്ഞിരിക്കുന്നു.
Photo and News Source: Sathyam Online







