ന്യൂഡൽഹിയിൽ വച്ച്, തമിഴ്നാട്ടിലെ കല്പാക്കത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ‘ക്രിറ്റിക്കാലിറ്റി’ കൈവരിച്ചതിന് ആണവശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനമായ ഈ നേട്ടം, ഭാരതത്തിന്റെ ആണവോർജ്ജ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിലാണ് റിയാക്ടർ നിർമ്മിച്ചിരിക്കുന്നത്. ഊർജ്ജ ഉൽപ്പാദനത്തോടൊപ്പം ഭാവിയിലേക്കുള്ള പുതിയ ഇന്ധനവും ഈ ബ്രീഡർ റിയാക്ടർ ഉത്പാദിപ്പിക്കും.

കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദന രംഗത്തും വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. ഈ രംഗത്ത് രാജ്യത്തിന്റെ ഉത്പാദന ശേഷി 56 ജിഗാവാട്ട് കടന്നു. ലോകത്ത് നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. 2027ലെ സെൻസസ് പൂർണ്ണമായും ഡിജിറ്റലായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിവരങ്ങൾ രേഖപ്പെടുത്താൻ എന്യൂമറേറ്റർമാർക്ക് മൊബൈൽ ആപ്പ് ലഭ്യമാകും. ജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യവും ഉണ്ടാകും.

ഫ്രാൻസിൽ നടന്ന യൂറോപ്യൻ ഗേൾസ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിൽ ആറാം സ്ഥാനം നേടിയ ശ്രേയ മുന്ദ്ര, സഞ്ജന ചാക്കോ, ശിവാനി ഭരത് കുമാർ, ശ്രീമോയി ബേര എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Photo and News Source: Janmabhumi