തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാഹചര്യം വർധിക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ ജാഗ്രത ഉറപ്പാക്കാൻ നിർദ്ദേശിച്ചു. ഉന്നതതല യോഗത്തിൽ വെച്ച് ചൂട് നിയന്ത്രണ നടപടികൾ ചർച്ച ചെയ്തു. പൊതുവിടങ്ങളിൽ തണ്ണീർപ്പന്തലുകളും അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് സംവിധാനവും ഒരുക്കാൻ ഉത്തരവായി.

ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കുടിവെള്ള ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കും. പൊതു ഇടങ്ങളിൽ വെള്ളവും ഒ.ആർ.എസ്. സജ്ജീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സൂര്യാഘാത പ്രഥമ ശുശ്രൂഷാ സംവിധാനങ്ങളും പൊതു ഇടങ്ങളിൽ തണ്ണീർപ്പന്തലുകളും ഒരുക്കും. മഴവെള്ള സംഭരണവും എല്ലായിടങ്ങളിലും ഉറപ്പാക്കാൻ നിർദ്ദേശിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹീറ്റ് റെസിലിയന്റ് ആക്കാനും ഇഴജന്തുക്കൾക്കെതിരെ ജാഗ്രത പാലിക്കാനും വിളിച്ചു. ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Photo and News Source: Malayalam Express