തിരുവനന്തപുരം: കേരള സർക്കാരിന്റെ കായിക വകുപ്പും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും സ്വിസ് ബാസ്കറ്റ്‌ബോൾ അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന ആദ്യ സ്വിസ് മാസ്റ്റേഴ്‌സ് അഖിലേന്ത്യാ പ്രൈസ് മണി ബാസ്കറ്റ്‌ബോൾ ടൂർണമെന്റ് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 60-ലധികം ടീമുകൾ മത്സരിക്കുന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ്. ടൂർണമെന്റിന് ഉദ്ഘാടനം ചെയ്തു. മുന്‍ ബാസ്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. എം.എം. ചാക്കോയും കാര്യവട്ടം കൗൺസിലർ സന്ധ്യാ റാണിയും ചടങ്ങിൽ പങ്കെടുത്തു.
പുരുഷന്മാർക്കായി 40+ മുതൽ 65+ വരെ ആറ് വിഭാഗങ്ങളിലും സ്ത്രീകൾക്കായി 30+, 40+, 50+ എന്നീ മൂന്ന് വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കുന്നു. മുന്‍ അന്താരാഷ്ട്ര താരങ്ങളും പ്രമുഖ ക്ലബ്ബുകളും പങ്കെടുക്കുന്ന ടൂർണമെന്റ് നാളെ സമാപിക്കും.
ആദ്യ ദിവസം നടന്ന മത്സരങ്ങളിൽ വനിതകളുടെ 30+ വിഭാഗത്തിൽ എഫ്.ടി.എ പൂനെ, റോഷൻ 7 സ്റ്റാർ കൊച്ചി, കൊല്ലം 7 എ.എം ഹൂപ്പ്സ്റ്റേഴ്‌സ് എന്നിവ വിജയിച്ചു. പുരുഷന്മാരുടെ 45+ വിഭാഗത്തിൽ മുന്‍ അന്താരാഷ്ട്ര താരങ്ങളുമായി ഇറങ്ങിയ ബാങ്ക് ഓഫ് ബറോഡ തൃശൂര് ഹൂപ്പേഴ്‌സിനെ (71-36) തകർത്തു. വിങ്സ് യു.എ.ഇ ഒരു പോയിന്റ് വ്യത്യാസത്തിൽ തെബാസ്കോ തേവരയെ (26-25) പരാജയപ്പെടുത്തി.
Photo and News Source: Janmabhumi



