മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ ഗതാഗതപരിഷ്കാരങ്ങൾ നടപ്പിലാക്കി. ബസ് കാത്തിരിപ്പുകേന്ദ്രവും നിർത്തിയിടൽ ക്രമീകരണങ്ങളും ഏർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ ദേശീയപാതയിൽനിന്ന് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾ കേന്ദ്രത്തിനുമുന്നിൽ എത്തി യാത്രക്കാരെ ഇറക്കി കയറ്റാൻ തുടങ്ങി.

ബസ് സ്റ്റാൻഡിന്റെ മധ്യഭാഗത്ത് ആറ് ബസുകൾ ഒരേസമയം നിർത്തിയിടാനുള്ള സംവിധാനം ഒരുക്കി. വരയിട്ട് അടയാളപ്പെടുത്തിയ സ്ഥലത്ത് ഡിവൈഡറും സ്ഥാപിച്ചു. ബസുകൾ പരമാവധി 10 മിനിറ്റ് മാത്രമേ നിർത്തിയിടാനാകൂവെന്ന നിയന്ത്രണവും ഏർപ്പെടുത്തി. ട്രാഫിക് എസ്.ഐ. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തി.

പരിഷ്കാരത്തെക്കുറിച്ച് അറിയാത്ത ഡ്രൈവർമാരെ സഹായിക്കാൻ നഗരസഭാ ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. യാത്രക്കാർക്ക് കേന്ദ്രത്തിലിരുന്നുകൊണ്ടുതന്നെ ബസുകൾ വരുന്നതു കാണാനും ലക്ഷ്യസ്ഥാനത്തേക്കുള്ള ബസിൽ എളുപ്പത്തിൽ കയറാനും കഴിയും. പഴയ സംവിധാനത്തിൽ ബസുകൾ ദീർഘനേരം നിർത്തിയിരുന്നതിനാൽ യാത്രക്കാർക്ക് മറ്റു ബസുകൾ കാണാൻ പ്രയാസമായിരുന്നു.

Photo and News Source: Mathrubhumi