കൊളത്തൂർ (മലപ്പുറം): വാൽപ്പാറ ദുരന്തത്തിൽ അഞ്ച് അധ്യാപകരെ നഷ്ടപ്പെട്ട പാങ്ങ് ജി.എൽ.പി. സ്‌കൂളിൽ പുതിയ അധ്യാപകരെത്തി. കുട്ടികളുടെ വേദനയ്ക്ക് ആശ്വാസം നൽകാനായി സ്വയം മുന്നോട്ടുവന്ന നാല് അധ്യാപകർ ഇവിടെ പ്രവർത്തനം തുടങ്ങി. കെ.കെ. രാഖി, വി.പി. ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പുതിയ അധ്യാപകർ. പാങ്ങ് ഗവ. യു.പി. സ്‌കൂളിലെ പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടിക്ക് ജി.എൽ.പി. സ്‌കൂളിന്റെ അധികച്ചുമതല നൽകി.

വ്യാഴാഴ്ച സ്‌കൂളിൽ ഒത്തുചേർന്ന രക്ഷിതാക്കളും നാട്ടുകാരും പുതിയ അധ്യാപകരെ സ്വീകരിച്ചു. പാങ്ങ് സ്വദേശിയായ കെ.കെ. രാഖി പരങ്കിമൂച്ചിക്കൽ ജി.എൽ.പി. സ്‌കൂളിൽനിന്നും വി.പി. ഫസീല പുത്തൂർ ജി.എൽ.പി. സ്‌കൂളിൽനിന്നും പി. ഷമീന കല്ലാർമംഗലം ജി.എൽ.പി. സ്‌കൂളിൽനിന്നുമാണ് എത്തിയത്. അബ്ദുൽ മജീദ് കൊട്ടക്കാരൻ കല്ലാർമംഗലം ജി.എൽ.പി. സ്‌കൂളിൽനിന്നുമാണ് വരുന്നത്. വിടപറഞ്ഞ അധ്യാപകരെ ഓർത്ത് വിതുമ്പുന്ന രക്ഷിതാക്കൾക്ക് പുതിയ അധ്യാപകർ ആത്മവിശ്വാസം നൽകി. അവരോടൊപ്പം വന്ന ആ സ്‌കൂളിലെ കുട്ടികളോട് അവർ കുശലം പറഞ്ഞു. ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നു തോന്നി’- നാലുപേരും പറഞ്ഞു. സ്‌കൂൾമുറ്റത്ത് ഒത്തുകൂടിയ പഞ്ചായത്തംഗങ്ങളും രക്ഷിതാക്കളും നാട്ടുകാരും കൈയടിച്ചു.

Photo and News Source: Mathrubhumi