ഫ്രാൻസ് വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി ട്രാൻസിറ്റ് വിസ (എ.ടി.വി.) ആവശ്യമില്ലെന്ന് ഫ്രഞ്ച് അധികൃതർ പ്രഖ്യാപിച്ചു. നേരത്തെ, ഷെങ്കൻ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഇന്ത്യക്കാർക്ക് ഫ്രാൻസിലെ വിമാനത്താവളങ്ങൾ വഴി യാത്ര തുടരാൻ വിസ നിർബന്ധമായിരുന്നു. പുതിയ നിയമപ്രകാരം, വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര മേഖലയിൽ തങ്ങുന്നവർക്ക് യാതൊരുവിധ വിസ നടപടികളും ഇല്ലാതെ യാത്ര തുടരാം.

അയർലൻഡിലെ മലയാളി പ്രവാസികൾക്കും ഈ തീരുമാനം ഗുണകരമാണ്. ഡബ്ലിനിൽ നിന്നും കോർക്കിൽ നിന്നും പാരിസ് വഴി ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന എയർ ഫ്രാൻസ് പോലുള്ള വിമാനക്കമ്പനികളെ ആശ്രയിക്കുന്നവർക്ക് ഈ നീക്കം യാത്ര എളുപ്പമാക്കും. മുൻപ് വിസയ്ക്കായി ചിലവഴിച്ച സമയവും പണവും ലാഭിക്കാൻ കഴിയും. കണക്ഷൻ വിമാനങ്ങൾക്കായി കാത്തിരിക്കുമ്പോൾ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര മേഖലയിൽ തങ്ങിയാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യൂറോപ്പിലെ പ്രധാന യാത്രാ ഹബ്ബായ പാരിസിനെ കൂടുതൽ ഇന്ത്യൻ യാത്രക്കാർക്ക് പ്രിയപ്പെട്ടതാക്കാൻ ഈ നീക്കം സഹായിക്കും. അയർലൻഡിൽ നിന്നും യുകെയിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്ക് മിഡിൽ ഈസ്റ്റ് വിമാനങ്ങളെ കൂടാതെ യൂറോപ്യൻ വിമാനക്കമ്പനികളെയും തിരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ, വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ഏരിയയ്ക്ക് പുറത്തേക്ക് കടക്കാതെ ഇരിക്കുകയാണ് പ്രധാനം.

Photo and News Source: Sathyam Online