കാസർകോട് മട്ടലായി ശിവക്ഷേത്രത്തിന് എതിർവശത്തുള്ള ദേശീയപാതയിൽ രൂപപ്പെട്ട വിള്ളൽ ദേശീയപാത അതോറിറ്റി ഉന്നതോദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചു. ജില്ലാ കളക്ടർ നിയോഗിച്ച അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് അതോറിറ്റി പ്രതിനിധികൾ സ്ഥലത്തെത്തിയത്. വെള്ളിയാഴ്ച സമീപന റോഡിന്റെ ഭിത്തിയിൽ വീണ്ടും വിള്ളലുകൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം.

ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി മാനേജർ യാസിസ് ശ്രീവാസ്തവ, ലാസ ടീം ലീഡർ ബിക്ഷം റെഡ്ഡി, റസിഡന്റ് എൻജിനിയർ മനോജ് കുമാർ, മേഘ കൺസ്ട്രക്ഷൻ ചീഫ് ജനറൽ മാനേജർ ശ്രീരാമമൂർത്തി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്. നിർമ്മാണത്തിനിടെ വിള്ളൽ ഉണ്ടായ ഭാഗവും സർവ്വീസ് റോഡുകളുടെ നിർമ്മാണവും സംഘം വിശദമായി പരിശോധിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് കരാർ കമ്പനി പ്രതിനിധി സുനിൽകുമാർ അറിയിച്ചു.

ചതുപ്പുനിലം മണ്ണിട്ട് ഉയർത്തിയാണ് ഇവിടെ ദേശീയപാത നിർമ്മിച്ചത്. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ഭവനവും സ്ഥലവും ഉൾപ്പെടുന്ന പ്രദേശമാണിത്. മണ്ണിട്ടുയർത്തിയ ഭാഗത്ത് വിള്ളൽ ഉണ്ടായതിനെത്തുടർന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിൽ കരാർ കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

ചതുപ്പുനിലത്ത് വേണ്ടത്ര മുൻകരുതൽ എടുക്കാതെയാണ് പാത നിർമ്മിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണ്ണിട്ട് ഉയർത്തുമ്പോൾ ഓരോ ലെയറും ശാസ്ത്രീയമായി ഉറപ്പിക്കേണ്ടതുണ്ടെങ്കിലും, ഉപരിതലം മിനുക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ടെത്തി. ഇത് കരാർ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണെന്നും നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Photo and News Source: Kerala Kaumudi Latest