ക്രിക്കറ്റിൽ ഒരു ദിവസം ഹീറോ ആകുന്നയാൾ അടുത്ത ദിവസം സീറോ ആകാൻ ഒരു ഓവർ മാത്രം മതിയെന്നത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതായിരുന്നു ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം അൻഷുൽ കാംബോജിന്റെ പ്രകടനം. ഐപിഎൽ സീസണിലുടനീളം മികച്ച ഫോമിലായിരുന്ന കാംബോജിന് ലക്‌നൗവിനെതിരായ മത്സരം കരിയറിലെ തന്നെ മറക്കാനാവാത്ത ഒരു പേടിസ്വപ്നമായി മാറി.
ഈ സീസണിൽ ചെന്നൈയുടെ ബൗളിംഗ് നിരയിലെ കരുത്തനായിരുന്ന കാംബോജ്, 12 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ലക്‌നൗവിനെതിരായ മത്സരത്തിൽ ഈ ട്രാക്ക് റെക്കോർഡുകളൊന്നും താരത്തെ തുണച്ചില്ല. വെറും 16 പന്തുകൾ (2.4 ഓവർ) മാത്രം എറിഞ്ഞ കാംബോജ്, വിക്കറ്റൊന്നും ലഭിക്കാതെ വഴങ്ങിയത് 63 റൺസാണ്.
കാംബോജ് എറിഞ്ഞ 16 പന്തുകളിൽ എട്ടെണ്ണവും സിക്‌സറുകളായി പറന്നു. ഫോറുകൾ കൂടി ചേർത്താൽ എറിഞ്ഞ 16 പന്തുകളിൽ 11 എണ്ണവും ബൗണ്ടറി കടന്നു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ തന്റെ തുടർച്ചയായ രണ്ട് ഓവറുകളിൽ നാല് സിക്‌സറുകൾ വീതം വഴങ്ങുന്നത്. രണ്ടാം ഓവറിൽ മിച്ചൽ മാർഷും മൂന്നാം ഓവറിൽ നിക്കോളാസ് പൂരനുമാണ് കാംബോജിനെതിരെ ആഞ്ഞടിച്ചത്.
ഈ പ്രകടനത്തോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡുകളുടെ പട്ടികയിൽ കാംബോജ് ഇടംപിടിച്ചു. ഒരു ഇന്നിംഗ്‌സിൽ എട്ട് സിക്‌സറുകൾ വഴങ്ങുന്ന രണ്ടാമത്തെ ബൗളറായും, മൂന്നോ അതിൽ കുറവോ ഓവറുകളിൽ 60-ന് മുകളിൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറായും താരം മാറി. 2025-ൽ ആർസിബിക്കെതിരെ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.
Photo and News Source: Kerala Kaumudi Latest






