കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് മാൾട്ടയിലെ കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ ബുജിബയിലെ ഒരു റെസ്റ്റോറന്റിൽ വിപുലമായ വിജയാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് വിഷ്ണു ടി.ജി., ജനറൽ സെക്രട്ടറി സിബിൻ ടി. വർഗീസ്, ട്രഷറർ റോശ് വലിയവിളയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നാഷണൽ, റീജിയണൽ കമ്മിറ്റികളിൽ നിന്നുള്ള നിരവധി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാർട്ടിക്ക് കൈവരിക്കാനായ മികച്ച മുന്നേറ്റങ്ങളെ നേതാക്കൾ സ്വാഗതം ചെയ്തു. വി.ഡി. സതീശന്റെ നേതൃത്വത്തിൽ കേരളത്തിൽ ജനക്ഷേമകരവും ദീർഘവീക്ഷണത്തോടു കൂടിയതുമായ വികസന ഭരണമാണ് ഉണ്ടാകുകയെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
മാൾട്ടയിലെ പ്രവാസികളുടെ ഉന്നമനത്തിനായി കേരളത്തിലെ യുഡിഎഫ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും മുൻനിർത്തി കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് അവർ ഉറപ്പുനൽകി. ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി മാൾട്ടയിലെ മലയാളികൾക്ക് കൂടുതൽ ജനോപകാരപ്രദമായ സേവനങ്ങൾ ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
Photo and News Source: Mathrubhumi








