കന്നഡ ചലച്ചിത്ര പ്രവർത്തകനായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'അച്യുത അവതാരം'. സൈബർ ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം പാൻ ഇന്ത്യൻ തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സൈബർ ലോകത്തെ അപകടങ്ങളും അതിൻ്റെ ഭയാനകമായ പ്രത്യാഘാതങ്ങളും പ്രമേയമാക്കുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. പ്രമുഖ നർത്തകിയും നടിയുമായ മാളവിക നന്ദൻ, 'കാന്താര' ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഹരീഷ് മോഹനൻ എഴുതിയ വരികൾക്ക് പ്രസന്ന കുമാർ എം.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് പവൻ പൂവയ്യയും മഹേഷ് തോട്ടയും ചേർന്നാണ് നിർവഹിക്കുന്നത്. വി.എഫ്.എക്സ്, ഡിസൈൻസ് എന്നിവ ഐഡൻ്റ് ലാബ്സ് കൈകാര്യം ചെയ്യുന്നു. ജൂൺ മാസത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും. സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.

Photo and News Source: Samakalika Malayalam