ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും ഭാര്യയും മുൻ സ്പൈസ് ഗേൾസ് താരവുമായ വിക്ടോറിയ ബെക്കാമും ചേർന്ന് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനേക്കാൾ വലിയ സമ്പന്നരായി മാറിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബെക്കാം കുടുംബത്തിന്റെ ആകെ ആസ്തി 1.185 ബില്യൺ പൗണ്ട്, അതായത് ഇന്ത്യൻ രൂപയിൽ 15,000 കോടി രൂപയോളം വരും. അതേസമയം, ചാൾസ് മൂന്നാമൻ രാജാവിന്റെ ആസ്തി 680 മില്യൺ പൗണ്ട് (ഏകദേശം 8,696 കോടി രൂപ) മാത്രമാണ്.
ഫുട്ബോൾ കരിയറിന് ശേഷം ബിസിനസ് ലോകത്തേക്ക് ചുവടുവെച്ചതാണ് ബെക്കാമിന്റെ സാമ്പത്തിക വളർച്ചയിൽ നിർണ്ണായകമായത്. അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയിലെ ഓഹരികൾ, പ്രമുഖ ബ്രാൻഡുകളുമായുള്ള കരാറുകൾ, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി എന്നിവ അദ്ദേഹത്തിന്റെ വരുമാനം കുത്തനെ ഉയർത്തി. പ്രത്യേകിച്ച്, ലയണൽ മെസിയെ ഇന്റർ മിയാമിയിലേക്ക് എത്തിച്ചതോടെ ക്ലബ്ബിന്റെ മൂല്യം വലിയ തോതിൽ വർദ്ധിച്ചത് ബെക്കാമിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കി.
ഭാര്യ വിക്ടോറിയ ബെക്കാമിന്റെ ഫാഷൻ ബിസിനസുകളും ഈ നേട്ടത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്പൈസ് ഗേൾസ് എന്ന സംഗീത ബാൻഡിലൂടെ പ്രശസ്തയായ വിക്ടോറിയ ഇന്ന് ആഡംബര ഫാഷൻ ബ്രാൻഡുകളുടെ ഉടമയാണ്. പരസ്യങ്ങളിലൂടെയും സ്പോൺസർഷിപ്പുകളിലൂടെയും ഇവർ വലിയൊരു തുക സമ്പാദിക്കുന്നു. സൺഡേ ടൈംസ് റിച്ചസ്റ്റ് ലിസ്റ്റ് പ്രകാരം ബ്രിട്ടനിലെ ആദ്യത്തെ ബില്യണയർ കായികതാരമായി ഡേവിഡ് ബെക്കാം മാറിയിരിക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, എൽഎ ഗാലക്സി, പാരിസ് സെന്റ് ജർമൻ തുടങ്ങിയ ലോകപ്രശസ്ത ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞ ബെക്കാം 2013-ലാണ് ഫുട്ബോളിൽ നിന്ന് വിരമിച്ചത്. കളിക്കളത്തിലെ മികവിനൊപ്പം ബിസിനസ് തന്ത്രങ്ങളും കൂടിച്ചേർന്നപ്പോൾ കായിക ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുന്നു.
Photo and News Source: Samakalika Malayalam






