ഗുജറാത്തിലെ മോര്‍ബിയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്വന്തം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വീട്ടുടമയ്ക്ക് ലൈംഗികമായി പീഡിപ്പിക്കാന്‍ വിട്ടുനല്‍കിയ പിതാവ് അറസ്റ്റിലായി. സുരേന്ദ്രനഗര്‍ സ്വദേശികളായ കുടുംബം ഉപജീവനത്തിനായി ആറുമാസം മുമ്പാണ് മോര്‍ബിയിലേക്ക് താമസം മാറിയത്.

പ്രതിമാസം 2,000 രൂപ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി വാടക നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വാടക കുടിശ്ശികയ്ക്ക് പകരമായി ഭാര്യയെയും മകളെയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിക്കൊണ്ട് പിതാവ് ക്രൂരമായ ധാരണയിലെത്തിയത്.

ഈ അതിക്രമത്തെക്കുറിച്ച് യുവതിയുടെ അമ്മ അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ അവര്‍ മോര്‍ബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരവും മറ്റ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയും പൊലീസ് കേസെടുത്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത് പിതാവും വീട്ടുടമയും ചേര്‍ന്നാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.എം. ലാല്‍ വ്യക്തമാക്കി. സംഭവത്തില്‍ പങ്കാളിയായ മൂന്നാമതൊരാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Photo and News Source: Samakalika Malayalam