കോട്ടയം തെക്കുംതലയിലുള്ള കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് സന്ദർശിക്കാനെത്തിയ മന്നം ബാലസമാജത്തിലെ കുട്ടികളെ എസ്എഫ്ഐ പ്രവർത്തകർ തടയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് എൻ. ഹരി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുൻകൂർ അനുമതിയും പ്രവേശന ഫീസും അടച്ച് പഠനയാത്രയുടെ ഭാഗമായി എത്തിയ കുട്ടികളോട് വിദ്യാർത്ഥി സംഘടനയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

പാമ്പാടി 215-ാം നമ്പർ കരയോഗത്തിനു കീഴിലുള്ള ബാലസമാജത്തിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയത്. ചലച്ചിത്ര ലോകത്തെക്കുറിച്ച് അറിവ് പകരുന്ന ക്ലാസിൽ പങ്കെടുക്കാൻ എത്തിയ കുട്ടികളെ, പുരോഗമന വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികളെന്ന് അവകാശപ്പെട്ടവർ തടയുകയും സ്ഥാപനത്തിലെ ഡയറക്ടറോട് കയർക്കുകയും ചെയ്തു. കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുന്ന രീതിയിൽ പെരുമാറിയവർക്കെതിരെ ബാലനീതി, ബാലാവകാശ നിയമങ്ങൾ പ്രകാരം കേസെടുക്കണമെന്ന് എൻ. ഹരി ആവശ്യപ്പെട്ടു.

സാമുദായിക സംഘടനയുടെ പേര് നോക്കി കുട്ടികൾക്കെതിരെ സംഘടിതമായി പ്രതിഷേധം ഉയർത്തിയത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നതെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനടപടികൾ അനിവാര്യമാണെന്നും എൻ. ഹരി കൂട്ടിച്ചേർത്തു.

Photo and News Source: Janmabhumi