പ്രമുഖ ടെക് ബ്രാൻഡ് അസൂസ്, ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ബിസിനസ് ലാപ്ടോപ്പ് ‘എക്സ്പെർട്ട്ബുക്ക് അൾട്ര’ അവതരിപ്പിച്ചു. വെറും 0.99 കിലോഗ്രാം ഭാരമുള്ള ഈ ലാപ്ടോപ്പ്, കരുത്തുറ്റ ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്റൽ കോർ അൾട്രാ സീരീസ് 3 പ്രോസസറുകളും 14 ഇഞ്ച് 3K OLED ഡിസ്‌പ്ലേയും 64 ജിബി റാമും 2 ടിബി സ്റ്റോറേജുമുള്ള ഈ ഉപകരണം, പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.
ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ആറ് സ്പീക്കറുകളും 26 മണിക്കൂർ ബാറ്ററി ലൈഫും ഇതിന്റെ പ്രത്യേകതയാണ്. തത്സമയ വിവർത്തനം, നോയ്‌സ് ക്യാൻസലേഷൻ തുടങ്ങിയ എഐ അധിഷ്ഠിത സേവനങ്ങളും ലഭ്യമാണ്. പ്രീ-ഓർഡറിന് വാറന്റി ആനുകൂല്യങ്ങളും ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭിക്കും. 2,39,990 രൂപയാണ് ഇതിന്റെ പ്രാരംഭ വില.
അൾട്ര മോഡലിനൊപ്പം തന്നെ എക്സ്പെർട്ട്ബുക്ക് പി3, പി5 സീരീസുകളും വിപണിയിലെത്തിച്ചു. 94,990 രൂപ മുതൽ ആരംഭിക്കുന്ന പി-സീരീസ് ലാപ്ടോപ്പുകൾ വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തവയാണ്. സൈനിക നിലവാരത്തിലുള്ള കരുത്തും വാട്ടർ റെസിസ്റ്റന്റ് കീബോർഡും 70Wh ബാറ്ററി ശേഷിയും വൈ-ഫൈ 7 പോലുള്ള നൂതന കണക്റ്റിവിറ്റിയും ഇവയിൽ ഉൾപ്പെടുന്നു. ഏപ്രിൽ 22 മുതൽ ഫ്ലിപ്കാർടിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു.
Photo and News Source: Malayalam Express



