സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് 'പീസ്' ചിഹ്നം. ചൂണ്ടുവിരലും നടുവിരലും ഉയർത്തി V ആകൃതിയിൽ കാണിക്കുന്ന ഈ പോസ് പലർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ, ഇത്തരത്തിൽ പോസ് ചെയ്യുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചിത്രങ്ങളിൽ നിന്ന് ബയോമെട്രിക് വിവരങ്ങൾ ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് എളുപ്പത്തിൽ സാധിക്കുമെന്നാണ് കണ്ടെത്തൽ.
സൈബർ സുരക്ഷാ വിദഗ്ധനായ ലീ ചാങ് പറയുന്നതനുസരിച്ച്, ഫോട്ടോകളിൽ വിരലുകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിൽ, ചിത്രം അല്പം മങ്ങിയതാണെങ്കിൽ പോലും നിർമിത ബുദ്ധിയുടെ (AI) സഹായത്തോടെ വിരലടയാളങ്ങൾ കൃത്യമായി ശേഖരിക്കാൻ ഹാക്കർമാർക്ക് സാധിക്കും. ഇങ്ങനെ ചോർത്തുന്ന വിരലടയാളങ്ങൾ സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ക്രിപ്‌റ്റോഗ്രഫി പ്രൊഫസറായ ജിംഗ് ജിയുവും ഈ നിരീക്ഷണത്തെ പിന്തുണയ്ക്കുന്നു. ഹൈ-ഡെഫനിഷൻ ക്യാമറകളുടെ വ്യാപനത്തോടെ, ഫോട്ടോകളിൽ നിന്ന് വിരലടയാളം പോലുള്ള സൂക്ഷ്മമായ വിവരങ്ങൾ പുനർനിർമ്മിക്കുന്നത് സാങ്കേതികമായി വളരെ എളുപ്പമായി മാറിയിരിക്കുന്നു. നിർമിത ബുദ്ധിയുടെ വളർച്ച ഹാക്കർമാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഗൂഗിളിന്റെ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
ജെമിനി, ഓപ്പൺ എഐ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹാക്കർമാർ തട്ടിപ്പുകൾ നടത്തുന്നതായി ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സാങ്കേതികവിദ്യയുടെ ദുരുപയോഗം ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നു. അതിനാൽ, സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെക്കുമ്പോൾ അമിതമായ ആത്മവിശ്വാസം ഒഴിവാക്കി, ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
Photo and News Source: Kairali News










