സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പവന് 720 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ 115800 രൂപയായിരുന്ന ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 115080 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 14385 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചാഞ്ചാട്ടങ്ങൾ സ്വർണ്ണ വിപണിയിൽ ദൃശ്യമായിരുന്നു.

ഈ മാസത്തെ കണക്കുകൾ പരിശോധിച്ചാൽ മെയ് 13-നാണ് സ്വർണ്ണവില ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയത്. അന്ന് ഒരു പവന് 123120 രൂപയായിരുന്നു വില. മെയ് അഞ്ചിന് 109400 രൂപ എന്ന മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കും സ്വർണ്ണവില എത്തിയിരുന്നു. മാസത്തിന്റെ തുടക്കത്തിൽ 111720 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില.

ഇറക്കുമതി തീരുവ ആറു ശതമാനത്തിൽ നിന്നും 15 ശതമാനമായി വർദ്ധിപ്പിച്ചത് സ്വർണ്ണവില കുത്തനെ ഉയരാൻ കാരണമായിരുന്നു. സ്വർണ്ണവില ഒരു ലക്ഷത്തിന് മുകളിൽ തുടരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണ്ണത്തിന് പകരം മറ്റ് ആഭരണങ്ങളെ ആശ്രയിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. കൂടാതെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകളും സ്വർണ്ണ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും സ്വർണ്ണവിലയെ ബാധിച്ചേക്കാം.

Photo and News Source: TV9 Malayalam