ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ നിലനിന്നിരുന്ന ഏകദേശം 2,500 കോടി രൂപയുടെ കൈക്കൂലി-തട്ടിപ്പ് കേസ് പിൻവലിക്കാൻ യുഎസ് നീതിന്യായ വകുപ്പ് (DOJ) ഒരുങ്ങുന്നു. ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. അദാനി ഗ്രൂപ്പിനെതിരെ ഉയർന്നിരുന്ന വലിയൊരു നിയമക്കുരുക്കാണ് ഇതോടെ അഴിയുന്നത്.
ഇന്ത്യയിലെ വൻകിട സൗരോർജ്ജ പദ്ധതികൾക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നും, ഈ വിവരം മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചെന്നുമാണ് അദാനിക്കെതിരെ ഉയർന്ന പ്രധാന ആരോപണം. 2024 നവംബറിൽ അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ ക്രിമിനൽ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, തുടക്കം മുതൽ തന്നെ ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് ശക്തമായി നിഷേധിച്ചിരുന്നു.
പ്രമുഖ അഭിഭാഷകൻ റോബർട്ട് ജെ. ഗിയൂഫ്ര ജൂനിയറിന്റെ നേതൃത്വത്തിലുള്ള അദാനിയുടെ നിയമസംഘം യുഎസ് നീതിന്യായ വകുപ്പിന് നൽകിയ വിശദമായ പ്രസന്റേഷനാണ് കേസ് പിൻവലിക്കുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. കേസ് ഫയൽ ചെയ്യാൻ യുഎസ് അധികൃതർക്ക് കൃത്യമായ തെളിവുകളോ അധികാരപരിധിയോ ഇല്ലെന്ന് നിയമസംഘം വാദിച്ചു. കൂടാതെ, യുഎസ് സമ്പദ്‌വ്യവസ്ഥയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അദാനിയെ ലക്ഷ്യം വെച്ച് രാഹുൽ ഗാന്ധിയും ചില എൻജിഒകളും നടത്തിയ നീക്കങ്ങൾക്കുള്ള തിരിച്ചടിയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ഹിൻഡൻബർഗ് റിസർച്ച് മുതൽ ജോർജ്ജ് സോറോസിന്റെ പിന്തുണയുള്ള സംഘടനകൾ വരെ അദാനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതായി ആരോപണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് അദാനിക്കെതിരായ ഇത്തരം നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. സുപ്രീംകോടതിയും നേരത്തെ പല ആരോപണങ്ങളും തള്ളിക്കളഞ്ഞിരുന്നു.
Photo and News Source: Janmabhumi









