നിർമ്മാണ മേഖലയിലും വ്യവസായ ശാലകളിലും ജോലി ചെയ്യുന്നവർക്ക് സുരക്ഷാ ഹെൽമെറ്റുകൾ അത്യന്താപേക്ഷിതമാണ്. ഓരോ തൊഴിലിടത്തിലും ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാൻ ഹെൽമെറ്റുകളുടെ നിറങ്ങൾ സഹായിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം, ആരാണ് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് പെട്ടെന്ന് മനസ്സിലാക്കാൻ ഈ വർണ്ണ വിന്യാസം ഉപകരിക്കുന്നു.
വെള്ള നിറത്തിലുള്ള ഹെൽമെറ്റുകൾ പ്രധാനമായും മാനേജർമാർ, എഞ്ചിനീയർമാർ, ഫോർമാൻമാർ, സൂപ്പർവൈസർമാർ എന്നിവർക്കാണ് നൽകുന്നത്. അതേസമയം, സുരക്ഷാ ഇൻസ്പെക്ടർമാരും പ്രൊബേഷണറി തൊഴിലാളികളും പച്ച നിറത്തിലുള്ള ഹെൽമെറ്റുകളാണ് ഉപയോഗിക്കുന്നത്. നിർമ്മാണ സ്ഥലങ്ങളിൽ സാധാരണ തൊഴിലാളികളും മണ്ണ് നീക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവരും മഞ്ഞ നിറത്തിലുള്ള ഹെൽമെറ്റുകൾ ധരിക്കുന്നു.
സാങ്കേതിക വിദഗ്ധരായ ഇലക്ട്രീഷ്യൻമാർ, മരപ്പണിക്കാർ തുടങ്ങിയവർ നീല നിറത്തിലുള്ള ഹെൽമെറ്റുകളാണ് തിരഞ്ഞെടുക്കുന്നത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ സാധാരണയായി ഓറഞ്ച് നിറത്തിലുള്ള ഹെൽമെറ്റുകൾ ഉപയോഗിക്കുന്നു. കൂടാതെ, വെൽഡിംഗ് പോലുള്ള ഉയർന്ന താപനിലയുള്ള ജോലികളിൽ ഏർപ്പെടുന്നവർ ബ്രൗൺ നിറത്തിലുള്ള ഹെൽമെറ്റുകളാണ് ഉപയോഗിക്കുന്നത്. ഈ വർണ്ണ വ്യത്യാസങ്ങൾ തൊഴിലിടങ്ങളിലെ ആശയവിനിമയവും സുരക്ഷയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Photo and News Source: TV9 Malayalam









