നീണ്ട പത്തു ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലൂടെയാണ് ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്.

എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രഖ്യാപനം ഡൽഹിയിൽ നിന്ന് തന്നെ ഉണ്ടാകുമെന്ന് ഉറപ്പായതോടെ, കേരളത്തിലേക്ക് വരാനിരുന്ന കെ.സി. വേണുഗോപാൽ തന്റെ യാത്ര റദ്ദാക്കി. നേരത്തെ നിരീക്ഷകർക്കൊപ്പം അദ്ദേഹം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

രാഹുൽ ഗാന്ധിയുമായി കെ.സി. വേണുഗോപാൽ രാവിലെ ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ തീരുമാനിച്ചത്. അതേസമയം, ഹൈക്കമാൻഡിന്റെ തീരുമാനം രാഹുൽ ഗാന്ധി നേരിട്ട് ഫോണിലൂടെ രമേശ് ചെന്നിത്തലയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

Photo and News Source: Newsthen