യു.ഡി.എഫിന്റെ ചരിത്രവിജയത്തിന് ശേഷം കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള പത്തു ദിവസത്തെ രാഷ്ട്രീയ നാടകീയതകൾ അവസാന ഘട്ടത്തിലേക്ക്. മെയ് നാലിന് ഫലപ്രഖ്യാപനം വന്നതോടെ 102 സീറ്റുകളുമായി മുന്നണി അധികാരത്തിലേക്ക് കുതിച്ചു. കോൺഗ്രസിന് മാത്രം 63 സീറ്റുകൾ ലഭിച്ചതോടെ മുഖ്യമന്ത്രി പദവിയിലേക്കുള്ള ചർച്ചകൾക്ക് തുടക്കമായി. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിൽ അണിയറ നീക്കങ്ങൾ സജീവമായി.
മെയ് അഞ്ചിന് ഹൈക്കമാൻഡ് നിരീക്ഷകരായി അജയ് മാക്കനെയും മുകുൾ വാസ്‌നിക്കിനെയും നിയമിച്ചു. തുടർന്ന് മെയ് ആറിന് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ, എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെട്ട് വിവിധ ഗ്രൂപ്പുകൾ രംഗത്തെത്തിയത് സ്ഥിതി സങ്കീർണ്ണമാക്കി. വി.ഡി സതീശൻ 35 പേരുടെയും, കെ.സി വേണുഗോപാൽ 52 പേരുടെയും, രമേശ് ചെന്നിത്തല 25 പേരുടെയും പിന്തുണ അവകാശപ്പെട്ടു.
മെയ് ഏഴിന് കെ.പി.സി.സി ആസ്ഥാനത്ത് എം.എൽ.എമാരുമായി നിരീക്ഷകർ നേരിട്ട് ചർച്ച നടത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിക്കൊണ്ട് നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിലിറങ്ങിയതും സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയതും ശ്രദ്ധേയമായി.
മെയ് എട്ടിന് നിരീക്ഷകർ ഡൽഹിയിൽ മടങ്ങി റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. മെയ് ഒൻപതിന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ പങ്കെടുത്ത മാരത്തൺ ചർച്ചകൾ നടന്നു. ഓരോ നേതാക്കളും തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും, അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അറിയിച്ചു.
Photo and News Source: Suprabhaatham










