യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് വരെ വീശുന്ന ശക്തമായ കാറ്റ് വടക്കൻ, കിഴക്കൻ മേഖലകളിൽ പൊടിക്കാറ്റിന് കാരണമാകുമെന്നും അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക.
താപനിലയിലും വർദ്ധനവ് രേഖപ്പെടുത്തും. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, ദുബായിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, ഷാർജയിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതേസമയം, രാത്രികാലങ്ങളിൽ താപനില അബുദാബിയിലും ദുബായിലും 26 ഡിഗ്രി സെൽഷ്യസ് വരെയും ഷാർജയിൽ 23 ഡിഗ്രി സെൽഷ്യസ് വരെയും താഴാനും സാധ്യതയുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ഇന്ന് ഉച്ചയ്ക്ക് ശേഷം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെയും സമാനമായ സാഹചര്യം തുടരാനാണ് സാധ്യത. ശനിയാഴ്ചയോടെ താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാം. ഞായറാഴ്ച രാവിലെ കിഴക്കൻ തീരങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Photo and News Source: Kerala Kaumudi








