പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്‌കറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രണ്ടാമത് ബോധിഗ്രാം - ബി ആർ പി മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി പത്തനംതിട്ട ലേഖികയും പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറിയുമായ ബിനിയ ബാബുവിന് ലഭിച്ചു. 2025 ജൂൺ മാസത്തിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'നീതി നിക്ഷേധിച്ച നിലവിളികൾ' എന്ന പരമ്പരയാണ് ബിനിയയെ ഈ അംഗീകാരത്തിന് അർഹയാക്കിയത്.
കേരളത്തിലെ ദളിത് സമൂഹം നേരിടുന്ന അതിക്രമങ്ങളെയും സാമൂഹിക പ്രശ്നങ്ങളെയും അതീവ സൂക്ഷ്മതയോടെയും ആഴത്തിലും വിശകലനം ചെയ്ത പരമ്പരയാണിതെന്ന് ജൂറി വിലയിരുത്തി. ഔദ്യോഗിക കണക്കുകൾ, വസ്തുതാപരമായ അന്വേഷണം, സർക്കാർ വിശദീകരണങ്ങൾ, ദളിത് വിഭാഗത്തിന്റെ ആശങ്കകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മനുഷ്യാവകാശ വിഷയങ്ങളെ സമഗ്രമായി അവതരിപ്പിക്കാൻ ഈ പരമ്പരയ്ക്ക് സാധിച്ചു.
പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ കെ എ ഷാജി ചെയർപേഴ്‌സണും, ജെ എസ് ഇന്ദുകുമാർ, പ്രിയാ രവീന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഷണ്മുഖൻ തൃപ്പൂണിത്തുറ രൂപകൽപ്പന ചെയ്ത മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.
ബി ആർ പി ഭാസ്‌കറിന്റെ രണ്ടാം ചരമവാർഷിക ദിനമായ 2026 ജൂൺ നാലിന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ബോധിഗ്രാം - ബി ആർ പി മാദ്ധ്യമ പുരസ്‌കാര സമിതി ചെയർപേഴ്‌സൺ ജെ എസ് അടൂരും സെക്രട്ടറി അനിൽകുമാർ പി വൈയും അറിയിച്ചു.
Photo and News Source: Kerala Kaumudi Latest








