മലബാറിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തരമായ പുനക്രമീകരണം ആവശ്യമാണെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് മസ്‌കറ്റിൽ പറഞ്ഞു. പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മലബാറിന്റെ വികസന ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്താൻ പ്രവാസി സംഘടനകളുമായി ചർച്ച നടത്തുന്നതിനാണ് അദ്ദേഹം മസ്‌കറ്റിലെത്തിയത്.

വയനാട്ടിൽ ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുക, കാസർകോട് മഞ്ചേശ്വരത്തും ഇടുക്കിയിലും അതിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുക, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ. തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ മലബാറിലേക്കും വ്യാപിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മലബാർ എഡ്യൂക്കേഷൻ മൂവ്‌മെന്റ് ചെയർമാൻ കൂടിയായ ഡോ. കുറുപ്പ്, കാസർകോട് ജില്ലയിലെ തുളുനാടൻ ഗ്രാമങ്ങളുടെ വികസനത്തിനായി നഴ്‌സിങ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ 'തുളുനാട് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ' രൂപീകരിച്ചിട്ടുണ്ട്.

മലബാറിന്റെ പിന്നാക്കാവസ്ഥയ്ക്ക് കൊളോണിയൽ ഭരണകാലം മുതൽ തുടരുന്ന അവഗണനയാണ് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ മലബാറിൽ എത്താൻ വൈകിയതും വിദ്യാഭ്യാസ മേഖലയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വള്ളിക്കുന്ന് മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, തന്റെ വികസന ആശയങ്ങൾ ഐക്യജനാധിപത്യ മുന്നണി ഏറ്റെടുത്തതിനെ തുടർന്ന് അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Photo and News Source: Mathrubhumi