2022-ലെ വിവാദപരമായ ഹിജാബ് നയം കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ, സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂല്‍ തുടങ്ങിയ പരമ്പരാഗതവും ആചാരപരവുമായ ചിഹ്നങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കി. 2022 ഫെബ്രുവരി 5-ന് പുറപ്പെടുവിച്ച പഴയ ഉത്തരവാണ് ഇതിലൂടെ റദ്ദാക്കപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം നിബന്ധനകള്‍ തുടരുമെങ്കിലും, അതിനൊപ്പം ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ ഇനി തടസ്സമുണ്ടാകില്ല.

പുതിയ ഉത്തരവ് പ്രകാരം, യൂണിഫോമിനൊപ്പം ഇത്തരം ചിഹ്നങ്ങള്‍ ധരിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും ക്ലാസ് മുറികളിലോ പരീക്ഷാ ഹാളുകളിലോ പ്രവേശനം നിഷേധിക്കാന്‍ പാടില്ല. അതേസമയം, ഈ ചിഹ്നങ്ങള്‍ യൂണിഫോമിന്റെ അടിസ്ഥാന സ്വഭാവത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം. കാവി ഷാളുകള്‍ മതപരമായ ചിഹ്നങ്ങളുടെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ അവ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കത്തിനോ സുരക്ഷയ്ക്കോ തടസ്സമാകാത്ത മറ്റ് ആചാരപരമായ ചിഹ്നങ്ങളും അനുവദനീയമാണ്.

വിദ്യാര്‍ത്ഥികളെ ഇത്തരം ചിഹ്നങ്ങള്‍ ധരിക്കാനോ ധരിക്കാതിരിക്കാനോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതേതരവും വിവേചനരഹിതവുമായ രീതിയില്‍ ഈ നയം നടപ്പിലാക്കാന്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ മൂല്യങ്ങളായ സമത്വം, അന്തസ്സ്, വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വേണം പുതിയ ഉത്തരവ് നടപ്പിലാക്കേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പരീക്ഷാ ഘട്ടങ്ങളില്‍ ഉചിതമായ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അധികാരം അതത് അധികാരികള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്.

Photo and News Source: Newsthen