കോഴിക്കോട് | നീറ്റ് യുജി പരീക്ഷയുടെ നടത്തിപ്പിൽ ഉണ്ടായ ക്രമക്കേടുകളും ചോദ്യപേപ്പറിന്റെ ചോർച്ചയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാർക്സ് ഡയറക്ടറും എസ്.എസ്.എഫ് ദേശീയ പ്രസിഡന്റുമായ സി.പി. ഉബൈദുല്ല സഖാഫി ആവശ്യപ്പെട്ടു.

മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് മെഡിക്കൽ സ്വപ്നങ്ങളുമായി പരീക്ഷയെഴുതിയ മിടുക്കരായ കുട്ടികളുടെ കരിയറിന് മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഇത്തരം വീഴ്ചകൾ. പരീക്ഷാ സംവിധാനങ്ങളിലെ വിശ്വാസ്യത തകരുന്നത് അർഹരായ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടാനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രമക്കേടുകളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും, പൂർണ്ണമായും സുതാര്യവും സത്യസന്ധവുമായ രീതിയിൽ പുന:പരീക്ഷ നടത്തി വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Photo and News Source: Siraj Live