ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതോടെ മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമായി. ഇറാന്റെ നിർദേശങ്ങൾ അർത്ഥശൂന്യമാണെന്ന് വിശേഷിപ്പിച്ച ട്രംപ്, മിഡിൽ ഈസ്റ്റിലെ വെടിനിർത്തൽ സാധ്യതകൾ മങ്ങിക്കഴിഞ്ഞതായും വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ, വെടിനിർത്തലിന് നിലവിൽ ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. യുദ്ധത്തിനുള്ള നഷ്ടപരിഹാരം നൽകണമെന്നും യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇതിനിടെ, ഇറാനുമായുള്ള സംഘർഷത്തിന്റെ ഭാഗമായി പെന്റഗൺ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ചെലവ് 2,900 കോടി ഡോളറായി ഉയർന്നു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108 ഡോളറായി വർധിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ സുരക്ഷിത യാത്രയെക്കുറിച്ച് ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ നടത്തി. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും പ്രാധാന്യം നൽകി. ഹോർമുസ് തങ്ങളുടെ ജലാതിർത്തിയുടെ ഭാഗമാണെന്ന് ഇരുരാജ്യങ്ങളും ആവർത്തിച്ചു. മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ അയൽരാജ്യങ്ങൾ തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്നും ചർച്ചയിൽ വിലയിരുത്തി.
ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ സമ്മർദങ്ങൾക്കോ സാമ്പത്തിക ഭീഷണികൾക്കോ ഉപയോഗിക്കരുതെന്ന് ഖത്വർ മുന്നറിയിപ്പ് നൽകി. ദോഹയിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുദുർറഹ്്മാൻ അൽതാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാവിഗേഷൻ സ്വാതന്ത്ര്യം ചർച്ചകൾക്കുള്ള ആയുധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മേഖലയിലെ വിദേശ നാവികസേനയുടെ സാന്നിധ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഇറാൻ വാദിക്കുന്നത്.
Photo and News Source: Siraj Live








