നിലവിൽ എം.എൽ.എ സ്ഥാനത്തേക്ക് വിജയിച്ചവരിൽ നിന്ന് തന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് വ്യക്തമാക്കി. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകിച്ചൊരു വ്യക്തിയുടെ പേര് ജോസഫ് വിഭാഗം നിർദ്ദേശിച്ചിട്ടില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പ് പോലുള്ള സാഹചര്യം ഉണ്ടായാൽ വിജയം ഉറപ്പില്ലെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തെ ഇവർ അറിയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തത് യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്നും അണികളിൽ വലിയ നിരാശയുണ്ടെന്നും മുസ്ലീം ലീഗ്, കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി തുടങ്ങിയ കക്ഷികൾ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു.
തീരുമാനം വൈകുന്നതിനെതിരെ പ്രവർത്തകരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബെന്നി ബഹനാൻ അടക്കമുള്ള മുതിർന്ന നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ഘടകകക്ഷികളുടെ ആവശ്യം.
Photo and News Source: Mathrubhumi










