ഗിയർലെസ് സ്‌കൂട്ടർ വിപണിയിൽ പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഹോണ്ട, തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കങ്ങളുമായി രംഗത്തെത്തുന്നു. ആക്ടിവ, ഡിയോ തുടങ്ങിയ മോഡലുകൾക്ക് ശേഷം, യുവതലമുറയെ ലക്ഷ്യമിട്ട് സ്പോർട്ടി മാക്സി-സ്കൂട്ടറായ 'എയർബ്ലേഡ്' (AirBlade) ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. ഇതിന്റെ ഡിസൈൻ പേറ്റന്റ് ഹോണ്ട ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോടെയാണ് ഈ വാർത്തകൾക്ക് സ്ഥിരീകരണം ലഭിച്ചത്.
യമഹ എയ്റോക്സ് 155, ഹീറോ സൂം 160 തുടങ്ങിയ മോഡലുകൾക്ക് കടുത്ത വെല്ലുവിളിയാകും എയർബ്ലേഡ് ഉയർത്തുക. 125 സിസി, 160 സിസി എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ഈ സ്കൂട്ടർ ലഭ്യമാണെങ്കിലും, ഇന്ത്യയിൽ ഏത് പതിപ്പാണ് എത്തുകയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. എങ്കിലും, 160 സിസി പതിപ്പാണ് ഇന്ത്യൻ വിപണിക്ക് കൂടുതൽ അനുയോജ്യമെന്നാണ് വിലയിരുത്തൽ. ലിക്വിഡ് കൂൾഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ എഞ്ചിൻ 15 bhp പവറും 14.8 Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
ഡിസൈനിന്റെ കാര്യത്തിൽ എയർബ്ലേഡ് ഏറെ മുന്നിലാണ്. ആപ്രോൺ മൗണ്ടഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും വീതിയുള്ള എൽഇഡി ഡിആർഎല്ലുകളും ഇതിന് ആകർഷകമായ ലുക്ക് നൽകുന്നു. ഫുട്ബോർഡിന് പകരം മധ്യഭാഗത്ത് സ്പൈൻ നൽകിയിരിക്കുന്നതിനാൽ ഇതൊരു സ്റ്റെപ്പ്-ത്രൂ സ്കൂട്ടറല്ല. ഈ ഡിസൈൻ കാരണം 23.2 ലിറ്റർ എന്ന മികച്ച അണ്ടർസീറ്റ് സ്റ്റോറേജ് സൗകര്യം ഇതിൽ ലഭിക്കുന്നു. 4.4 ലിറ്റർ ഫ്യുവൽ ടാങ്കുള്ള ഈ സ്കൂട്ടർ 44.8 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
സ്മാർട്ട് കീ, കീലെസ് ഗോ, യുഎസ്ബി ചാർജിംഗ് പോർട്ട്, ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഹോണ്ട എയർബ്ലേഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 113 കിലോഗ്രാം ഭാരവും 775 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമുള്ള ഈ വാഹനം കൈകാര്യം ചെയ്യാൻ ഏറെ എളുപ്പമായിരിക്കും. ഹോണ്ടയുടെ ഈ പുതിയ വരവ് ഇന്ത്യൻ മാക്സി-സ്കൂട്ടർ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വാഹനപ്രേമികളുടെ പ്രതീക്ഷ.
Photo and News Source: DriveSpark










