കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ചുള്ള സംവിധായകൻ അഖിൽ മാരാരുടെ പരാമർശം വിവാദമായി. ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ, ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അഖിൽ മാരാർ, പ്രസവം സങ്കീർണ്ണമാക്കുന്നത് ആശുപത്രികളും രക്ഷിതാക്കളുമാണെന്ന് പറഞ്ഞത് വസ്തുതാവിരുദ്ധമെന്നും, സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പ്രതിഭ ആരോപിച്ചു.

ഇത്തരം പ്രസ്താവനകൾ ആരോഗ്യരംഗത്തെ വിശ്വാസം തകർക്കുമെന്നും ഡോ. പ്രതിഭ പറഞ്ഞു. കേരള പൊതുജനാരോഗ്യ നിയമപ്രകാരം അഖിൽ മാരാറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സുരക്ഷിത പ്രസവത്തിനും ഗർഭകാല പരിചരണത്തിനുമുള്ള സർക്കാർ നിർദ്ദേശങ്ങൾ ഇത്തരം പരാമർശങ്ങൾ മൂലം അട്ടിമറിക്കപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി.

അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ആരോഗ്യസ്ഥാപനങ്ങളിലൂടെയുള്ള പ്രസവമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഡോ. പ്രതിഭ ചൂണ്ടിക്കാടി. കഴിഞ്ഞ വർഷം തദ്ദേശ സ്വയംഭരണവകുപ്പ് സുരക്ഷിത പ്രസവത്തിനായി ബോധവത്കരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വീട്ടിലെ പ്രസവങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും പ്രതിഭ അറിയിച്ചു.

Photo and News Source: Kerala Online News