രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നും, അദ്ദേഹത്തെപ്പോലെ അനുഭവസമ്പത്തുള്ള ഒരാൾ കാബിനറ്റിൽ അനിവാര്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന അച്ചടക്കമുള്ള നേതാവാണ് ചെന്നിത്തലയെന്നും, അതിനാൽ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ അദ്ദേഹം അത് അംഗീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
“അത് ഹൈക്കമാൻഡും രമേശ് ചെന്നിത്തലയും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണ്. രമേശ് എല്ലാ കാലത്തും ഹൈക്കമാൻഡിന്റെ നിലപാടുകളെ അംഗീകരിക്കുകയും ഒരു അച്ചടക്കമുള്ള കോൺഗ്രസുകാരനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ട് ഇക്കാര്യത്തിലും അദ്ദേഹം ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല,” മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനയിൽ അവഗണിക്കപ്പെട്ടതിനെത്തുടർന്ന് ചെന്നിത്തല കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ. 2021-ൽ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന പരാതി അദ്ദേഹത്തിനുണ്ട്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരെ അപേക്ഷിച്ച് തനിക്കുള്ള സീനിയോറിറ്റിയും ഭരണപരിചയവും ഹൈക്കമാൻഡ് പരിഗണിച്ചില്ലെന്ന വികാരം അദ്ദേഹത്തിനുണ്ട്.
എ.ഐ.സി.സി പുനഃസംഘടനയിലും തഴയപ്പെട്ടത് ചെന്നിത്തലയെ കൂടുതൽ നിരാശനാക്കി. താൻ പാർട്ടിയിലേക്ക് കൊണ്ടുവന്ന ശശി തരൂർ വരെ പ്രവർത്തക സമിതിയിൽ എത്തിയപ്പോൾ താൻ തഴയപ്പെട്ടത് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, പ്രായോഗിക രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ചെന്നിത്തല ഒടുവിൽ മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
Photo and News Source: Kerala Online News









