രജനികാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ജയിലർ 2' റിലീസിന് മുൻപേ വലിയ നേട്ടത്തിലേക്ക്. ചിത്രീകരണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ 160 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒടിടി ഡീലുകളിൽ ഒന്നാണിത്. പാലക്കാട് അട്ടപ്പാടി, കോഴിക്കോട് എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

നേരത്തെ ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ എങ്കിലും, ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്റ്റംബർ നാലിലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യ ഭാഗത്തിലെ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ തന്നെയാണ് രജനികാന്ത് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്.

2023-ൽ പുറത്തിറങ്ങിയ ജയിലർ ആഗോള ബോക്സ് ഓഫീസിൽ 600 കോടിയിലധികം രൂപയാണ് വാരിക്കൂട്ടിയത്. ഇതിന്റെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ആരാധകർ തുടങ്ങിയത്. ജനുവരി 14-ന് പ്രൊമോ വീഡിയോയിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ചിത്രം മാർച്ച് മാസത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്.

ആദ്യ ഭാഗത്തെപ്പോലെ തന്നെ ആക്ഷൻ രംഗങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം, ആദ്യ ഭാഗത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച മോഹൻലാലിന്റെ 'മാത്യു' എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നിലവിൽ രജനികാന്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി' ആണ്.

Photo and News Source: Asianet News