നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അതിജീവിത തീരുമാനിച്ചു. കേസ് നടത്തിപ്പിനായി വലിയ സാമ്പത്തിക ബാധ്യത വരുന്നുണ്ടെന്നും, ഇതിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടുകയാണെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.

വിചാരണക്കോടതിയിൽ നിന്ന് തനിക്കുണ്ടായ നീതി നിഷേധം വലിയ തോതിലുള്ളതാണെന്ന് അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഈ നീതി പോരാട്ടത്തിൽ അതിജീവിതയ്‌ക്കൊപ്പം നിൽക്കാൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ടെന്നും, അതിനാൽ ഉന്നത നീതിപീഠങ്ങളിലേക്കുള്ള നിയമനടപടികൾക്കായി സാമ്പത്തിക സഹായം നൽകണമെന്നും ട്രസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വലിയൊരു തുക തന്നെ നിയമനടപടികൾക്കായി ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.

ഹൈക്കോടതിയിൽ അതിജീവിത നൽകുന്ന ഹർജിയിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ അഡ്വ. വൃന്ദ ഗ്രോവർ ഹാജരാകും. ഇവർക്കൊപ്പം അഡ്വ. ഭദ്രകുമാരി, അഡ്വ. സന്ധ്യ എന്നിവരടങ്ങുന്ന നിയമസംഘവും കേസ് നടത്തിപ്പിൽ പങ്കാളികളാകും. നീതിക്കായുള്ള ഈ പോരാട്ടത്തിൽ പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.

Photo and News Source: Asianet News