തിരുവനന്തപുരം: കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിനായി പതിനെട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്കുള്ള നിയമം കൊണ്ടുവരാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലസമിതി രൂപീകരിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

വനിത-ശിശു വികസന, ആരോഗ്യം, നിയമം, ഇലക്‌ട്രോണിക്സ് വിവരസാങ്കേതികവിദ്യ എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും ഉൾപ്പെടുന്ന സമിതിയായിരിക്കും രൂപീകരിക്കേണ്ടത്. പാലക്കാട് കുമരനല്ലൂരിൽ നടന്ന സംഭവത്തെ തുടർന്നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ടുവയസ്സുവരെ കുട്ടികൾക്ക് വീഡിയോകോൾ ഒഴികെയുള്ള സ്ക്രീൻ ഉപയോഗം പൂർണമായി നിരോധിക്കണമെന്നും അഞ്ചുവയസ്സുവരെ മാതാപിതാക്കളുടെ അറിവോടെ ഒരുമണിക്കൂറായി നിയന്ത്രിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

പന്ത്രണ്ടുവയസ്സുവരെ രണ്ടുമണിക്കൂറും പതിനെട്ടുവയസ്സുവരെ പഠനേതര ഉപയോഗത്തിന് രണ്ടുമണിക്കൂറുമായി സ്ക്രീൻ സമയം പരിമിതപ്പെടുത്തണമെന്നും മാനസികാരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശം കമ്മിഷൻ അംഗീകരിച്ചു. കൂടാതെ, സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോൺ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ലെന്നും നിർദ്ദേശിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ രക്ഷിതാവിന്റെ അപേക്ഷയോടെ ക്ലാസ് ടീച്ചറെ അറിയിക്കേണ്ടതുമാണ്.

Photo and News Source: Mathrubhumi