പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകിയ അമ്മയുടെ മൃതദേഹം തിരികെ നൽകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താൻ മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മക്കളിൽ ചിലർ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളുകയായിരുന്നു. മരണശേഷം ശരീരം വിട്ടുനൽകണമെന്ന വ്യക്തിയുടെ താത്പര്യം മറ്റെന്തിനേക്കാളും വലുതാണെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി സ്വദേശിയായ മേരി എന്ന സ്ത്രീ ഫെബ്രുവരി 23-നാണ് അന്തരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെയാണ് മറ്റു സഹോദരങ്ങൾ മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് ഹർജിക്കാർ ആരോപിച്ചു. എന്നാൽ, മരണശേഷം തന്റെ ശരീരം പഠനാവശ്യത്തിനായി വിട്ടുനൽകാൻ മേരി നേരത്തേ തന്നെ സമ്മതപത്രം നൽകിയിരുന്നതായി മറ്റു സഹോദരങ്ങൾ കോടതിയെ ബോധിപ്പിച്ചു.

ഈ സമ്മതപത്രം പരിശോധിച്ച കോടതി, അത് പിൻവലിച്ചുവെന്ന ഹർജിക്കാരുടെ വാദത്തിന് തെളിവുകളില്ലെന്ന് കണ്ടെത്തി. 1957-ലെ കേരള അനാട്ടമി ആക്ട് പ്രകാരം, ഒരാൾ തന്റെ ശരീരം പഠനാവശ്യത്തിന് നൽകാൻ ആഗ്രഹിച്ചാൽ അത് മെഡിക്കൽ സ്ഥാപനങ്ങൾക്ക് കൈമാറാൻ നിയമപരമായ അവകാശമുണ്ട്. ഈ സാഹചര്യത്തിൽ മൃതദേഹം തിരികെ നൽകാൻ സാധിക്കില്ലെന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കി.

Photo and News Source: Mathrubhumi