ഇറാനിലെ സാമ്പത്തിക പ്രതിസന്ധി വഷളാകുന്നു. യുഎസ് നാവിക ഉപരോധം മൂലം ദിവസേന $500 മില്യൺ നഷ്ടമുണ്ടെന്ന് പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. ട്രൂത്ത് സോഷ്യലിൽ അദ്ദേഹം ഇറാൻ പണത്തിനായി വലയുകയാണെന്നും കുറിച്ചു. ബുധനാഴ്ച വെടിനിർത്തൽ നീട്ടിയ ട്രംപ്, ഇറാനുമായി ചർച്ചകൾ നടത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ആഭ്യന്തര സമ്മർദവും ഉയർന്നുവരികയാണ്. പോലീസിനും പട്ടാളത്തിനും ശമ്പളം നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നതെന്നും ട്രംപ് കുറിച്ചു. ഇറാനെ മുട്ടുകുത്തിക്കാൻ നിരവധി ഭീഷണികൾ ഉയർത്തിയിട്ടും ഫലമുണ്ടായില്ല. കരാർ ഉണ്ടായില്ലെങ്കിൽ ഇറാനിൽ തുരുതുരെ ബോംബിടുമെന്ന് ട്രംപ് മുൻപ് പറഞ്ഞിരുന്നു. വെടിനിർത്തൽ നീട്ടിയെങ്കിലും ഉപരോധം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധം ശത്രുതയാണെന്നും, അത് നിലനിൽക്കുന്ന കാലത്തോളം ഹോർമുസ് തുറക്കില്ലെന്നും ഇറാൻ മറുപടി പറഞ്ഞു. വേണ്ടിവന്നാൽ ബലം പ്രയോഗിച്ച് ഉപരോധം പൊളിക്കുമെന്നും അവർ അറിയിച്ചു.
ഇറാന്റെ അണ്വായുധ പരിപാടി ഉപേക്ഷിക്കണമെന്നും സംപുഷ്ട യുറേനിയം കൈമാറ്റം ചെയ്യണമെന്നുമുള്ള ട്രംപിന്റെ ആവശ്യങ്ങൾ ടെഹ്റാൻ തള്ളി. ഇറാനിലെ നേതൃത്വത്തിൽ കടുത്ത ഭിന്നതയുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ ജനതയുടെ പൂർണ പിന്തുണ ഇല്ലെന്നും അദ്ദേഹം സമ്മതിച്ചു. റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ പുതിയ സർവേയിൽ യുദ്ധത്തെ പിന്തുണച്ചത് വെറും 36% പേരാണ്.
Photo and News Source: Sathyam Online



