ഗൗതമന്റെ രഥം, വാഴ 1 എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹാപ്പിലൂപ്പ്'. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചൊവ്വാഴ്ച ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ഭംഗിയായി നടന്നു. ബുധനാഴ്ച മുതൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മുകേഷ്, ജെ.പി. തുമിനാട്, മധു വാര്യർ, വി.കെ. പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രനാണ് ചിത്രം നിർമിക്കുന്നത്.
ആഷിഖ് ഐമർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കണ്ണൻ മോഹൻ ആണ് കൈകാര്യം ചെയ്യുന്നത്. ഇലക്ട്രോണിക് കിളിയും പാർവതീഷ് പ്രദീപും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
പ്രൊഡക്ഷൻ ഡിസൈനറായി കൃപേഷ് അയ്യപ്പൻകുട്ടിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അനീഷ് സി. സലിമും പ്രവർത്തിക്കുന്നു. ഷബീർ മലവട്ടത്താണ് പ്രൊഡക്ഷൻ കൺട്രോളർ. ബിനു ജി. നായർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും റോണക്സ് സേവ്യർ മേക്കപ്പ് വിഭാഗവും കൈകാര്യം ചെയ്യുന്നു. ലിജി പ്രേമനാണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.
Photo and News Source: Mathrubhumi









