കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായി പഠന കിറ്റ് വിതരണം ചെയ്യുന്നു. 2026-27 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

അപേക്ഷകർ തങ്ങളുടെ മക്കൾ ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റിൽ രക്ഷാകർത്താവിന്റെ പേര് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. തൊഴിലാളി ജോലി ചെയ്യുന്ന ജില്ലയിലെ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാ ഫോമുകളും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അതത് ജില്ലകളിലെ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുകളിൽ നിന്ന് ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15 ആണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

നിർദ്ദിഷ്ട മാതൃകയിൽ അല്ലാത്തതോ, ആവശ്യമായ രേഖകൾ ഇല്ലാത്തതോ ആയ അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടും. തിരുവനന്തപുരത്തെ ഹെഡ് ഓഫീസിൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ബോർഡ് അറിയിച്ചു. പഠന കിറ്റ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ തന്നെ അത് കൈപ്പറ്റേണ്ടതാണ്.

Photo and News Source: Samakalika Malayalam