ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ സ്വീഡിഷ് വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. 2015-ഓടെ ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ 80 ശതമാനവും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങി. 2019-ൽ പ്രീസ്‌കൂൾ തലത്തിൽ പോലും ടാബ്‌ലെറ്റുകൾ പാഠ്യപദ്ധതിയുടെ ഭാഗമായി. കുട്ടികളെ ഡിജിറ്റൽ കാലഘട്ടത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടികൾ.

എന്നാൽ 2022-ലെ പിസ (PISA) സ്കോർ പുറത്തുവന്നതോടെ സ്ഥിതി മാറി. നാല് വർഷം മുൻപത്തെ അപേക്ഷിച്ച് സ്വീഡന്റെ സ്കോർ 19 പോയിന്റ് കുറഞ്ഞു. ഏകദേശം 25 ശതമാനം കുട്ടികൾക്ക് വായിക്കാനും വായിച്ച കാര്യങ്ങൾ മനസ്സിലാക്കാനും പ്രയാസമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് ഡിജിറ്റൽ ഉപകരണങ്ങൾ ഒഴിവാക്കി അച്ചടി പുസ്തകങ്ങളിലേക്ക് മടങ്ങാൻ സർക്കാർ തീരുമാനിച്ചത്.

ഈ മാറ്റത്തിനായി സർക്കാർ ഏകദേശം 2040 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2025-ഓടെ പ്രീസ്‌കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ പൂർണ്ണമായും ഒഴിവാക്കും. കൂടാതെ, സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2028-ഓടെ അച്ചടി പുസ്തകങ്ങളിൽ അധിഷ്ഠിതമായ പുതിയ പാഠ്യപദ്ധതി പൂർണ്ണമായി നടപ്പിലാക്കാനാണ് തീരുമാനം.

യഥാർത്ഥ പുസ്തകങ്ങൾ വായിക്കുന്നതും കടലാസിൽ എഴുതുന്നതും കുട്ടികളുടെ അറിവും ഏകാഗ്രതയും വർദ്ധിപ്പിക്കുമെന്ന് സ്വീഡിഷ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. സ്വീഡന് പുറമെ ഫിൻലൻഡ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും സമാനമായ രീതിയിൽ ക്ലാസ് മുറികളിലേക്ക് പുസ്തകങ്ങളും പേനയും തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Photo and News Source: Mathrubhumi