മലയാള സിനിമയിൽ ചരിത്രം കുറിച്ചുകൊണ്ട് ആദ്യത്തെ എഐ (AI) ചിത്രം 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ' റിലീസിന് ഒരുങ്ങുന്നു. പുരാതന ഭാരതീയ ജ്ഞാനവും ആധുനിക സാങ്കേതികവിദ്യയും തമ്മിലുള്ള സംഘർഷം പ്രമേയമാക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മെയ് 29-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. പാപ്പരാസി എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രം വിക്രിയേറ്റ് എന്റർടൈൻമെന്റാണ് അവതരിപ്പിക്കുന്നത്.
എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഗോവിന്ദ് പത്മസൂര്യ, സുജിത് വാസുദേവ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വെറുമൊരു സിനിമാ പ്രഖ്യാപനത്തിനപ്പുറം, അഞ്ഞൂറിലധികം അമ്മമാർക്ക് അരി വിതരണം ചെയ്തുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയും ഈ ചടങ്ങ് കാഴ്ചവെച്ചു.
യന്ത്രങ്ങൾ ഭരിക്കുന്ന, അൽഗോരിതങ്ങൾ വിധി നിർണ്ണയിക്കുന്ന ഒരു ഭാവി ലോകത്താണ് സിനിമയുടെ കഥ നടക്കുന്നത്. മനുഷ്യവികാരങ്ങൾക്ക് വിലയില്ലാത്ത ആ കാലഘട്ടത്തിൽ, വിശ്വാസം എന്നത് വെറും ഓർമ്മ മാത്രമായി മാറുന്നു. ഈ പശ്ചാത്തലത്തിൽ, പുരാതന ഗുരുകുലത്തിൽ പരിശീലനം നേടിയ മണികണ്ഠൻ എന്ന കഥാപാത്രം സാങ്കേതികവിദ്യയ്ക്ക് വഴങ്ങാത്ത ഒരു അപവാദമായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അയ്യായിരം വർഷത്തെ പഴക്കമുള്ള ഇന്ത്യൻ തത്വചിന്തകളെയും ഭാവിയിലെ കൃത്രിമബുദ്ധി അധിഷ്ഠിത ലോകത്തെയും മുഖാമുഖം നിർത്തുന്ന ഈ ചിത്രം, 'ബുദ്ധിശക്തി കൊണ്ട് പൂർണ്ണത കൈവരിച്ച ഒരു ലോകത്ത്, വിശ്വാസത്തിന്റെ ശക്തിക്ക് എന്ത് സംഭവിക്കും?' എന്ന വലിയ ചോദ്യമാണ് പ്രേക്ഷകർക്ക് മുന്നിൽ ഉയർത്തുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ഗുഡ്ഫെല്ലാസ് ഫിലിംസിലൂടെയാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നത്.
Photo and News Source: Asianet News








