പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് അവശ്യവസ്തുക്കളുടെയും ഊർജത്തിന്റെയും വിതരണത്തിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉറപ്പുനൽകി. വിതരണശൃംഖലയിലെ കാര്യങ്ങൾ സർക്കാർ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചുവരികയാണെന്നും, ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുന്നതിനായി രൂപീകരിച്ച 'ഇൻഫോർമൽ എംപവേഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ്' (ഐജിഒഎം) യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഊർജവിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവശ്യവസ്തുക്കളുടെ ആഭ്യന്തര ലഭ്യതയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഐജിഒഎമ്മിന്റെ അഞ്ചാമത്തെ യോഗമാണ് ഇന്ന് ചേർന്നത്.

സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങളെ രാജ്‌നാഥ് സിങ് പ്രശംസിച്ചു. “എല്ലാ അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത് ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ്. വിതരണശൃംഖലയിൽ ക്ഷാമമോ തടസ്സങ്ങളോ ഉണ്ടാകുന്നത് തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനാൽ ജനങ്ങളോട് ശാന്തരായിരിക്കാനും പരിഭ്രാന്തരാകാതിരിക്കാനും അഭ്യർഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുൻനിർത്തി വിതരണ ശൃംഖലയിൽ തടസ്സങ്ങൾ ഒഴിവാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, സ്ഥിതിഗതികൾ സർക്കാർ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Photo and News Source: Mathrubhumi