കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, നിർണ്ണായക നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി. എം. സുധീരൻ എന്നിവരോട് അടിയന്തരമായി ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ നേരിട്ട് വിളിപ്പിച്ചത്.
ഇന്ന് രാത്രിയോടെ തന്നെ നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. നാളെ ഹൈക്കമാൻഡ് നേതൃത്വവുമായി ഇവർ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി പദവി സംബന്ധിച്ച അന്തിമ തീരുമാനം ഈ ചർച്ചകൾക്ക് ശേഷമേ ഉണ്ടാകൂ എന്നാണ് സൂചന. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ മുതിർന്ന നേതാക്കളെ ബോധ്യപ്പെടുത്താനാണ് ഇവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പദവി സംബന്ധിച്ച തീരുമാനങ്ങൾ വൈകുന്നത് പാർട്ടി അണികളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. യുഡിഎഫ് ഘടകകക്ഷികൾ ഏതെങ്കിലും പ്രത്യേക നേതാവിന് വേണ്ടി സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകർ.
Photo and News Source: Siraj Live










