പാലക്കാട് സി.പി.എമ്മിൽ വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കി കൂട്ടരാജി. വെണ്ണക്കര മേഖലയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ 24 പ്രവർത്തകരാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. സി.പി.എം പാലക്കാട് ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ അബ്ദുൾ സുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെയാണ് ഈ കൂട്ടരാജി എന്നത് ശ്രദ്ധേയമാണ്.
അബ്ദുൾ സുക്കൂറിന്റെ സഹോദരിയും വലിയങ്ങാടി ലോക്കൽ കമ്മിറ്റി അംഗവുമായ സെലീനാ ബീവി ഉൾപ്പെടെയുള്ളവരാണ് രാജിവെച്ചവരിൽ പ്രമുഖർ. വെണ്ണക്കര, എ.കെ.ജി നഗർ, ഇ.എം.എസ് നഗർ, ഒതുങ്ങോട് എന്നീ ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരാണ് കൂട്ടത്തോടെ പാർട്ടി വിട്ടത്. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ഏകാധിപത്യപരമായ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് പ്രവർത്തകർ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ശക്തമായ ആവശ്യവും ഇവർ ഉന്നയിക്കുന്നുണ്ട്. സെലീനാ ബീവി, രമേഷ്, മുഹമ്മദ് റാഷിഖ്, അൻവർ എന്നിവരുടെ നേതൃത്വത്തിലാണ് ഏരിയാ കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറിയത്. നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നുവെന്നും, തങ്ങൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും സെലീനാ ബീവി പറഞ്ഞു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടായില്ലെന്ന് അവർ ആരോപിച്ചു.
പാർട്ടിയിലെ സ്ഥാനങ്ങൾ തന്റെ ഔദാര്യമാണെന്ന രീതിയിലാണ് ജില്ലാ സെക്രട്ടറി സംസാരിക്കുന്നതെന്ന് സെലീനാ ബീവി കുറ്റപ്പെടുത്തി. അബ്ദുൾ സുക്കൂറിനെ നേരത്തെ പുറത്താക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം അദ്ദേഹം യോഗങ്ങളിൽ ആവർത്തിച്ചിരുന്നു. രാജിവെച്ച പ്രവർത്തകർ ഈ മാസം അവസാനത്തോടെ പ്രത്യേക കൺവെൻഷൻ സംഘടിപ്പിക്കുമെന്നും, പാർട്ടിയിൽ നിന്ന് പുറത്തായ ഒരു പ്രമുഖ നേതാവ് ഇതിൽ പങ്കെടുക്കുമെന്നും സൂചന നൽകിയിട്ടുണ്ട്.
Photo and News Source: Media Mangalam










