തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. ചടങ്ങിൽ ദേശീയ ഗാനത്തിനും വന്ദേമാതരത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. ഇതിനെതിരെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഐ രംഗത്തെത്തി. തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണന നൽകണമായിരുന്നുവെന്നും, എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് സർക്കാർ വിശദീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ബിജെപിയെ പ്രീതിപ്പെടുത്താനാണ് വിജയ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഡിഎംകെ ആരോപിച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് വിജയ് രാജിവെക്കുകയും പെരുമ്പൂർ സീറ്റ് നിലനിർത്തുകയും ചെയ്തു. അധികാരമേറ്റ ആദ്യ ദിവസം തന്നെ സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന, ലഹരിക്കെതിരെ സ്‌ക്വാഡ്, 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നീ മൂന്ന് പ്രധാന ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവെച്ചു.
വിജയിന്റെ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് സ്റ്റാലിൻ രൂക്ഷവിമർശനവുമായി രംഗത്തെത്തി. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കരുതെന്നും, ഇത്തരം വിഷയങ്ങൾ വഴിതിരിച്ചുവിടാൻ ശ്രമിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ഭരണപരമായ നടപടികളുമായി മുന്നോട്ടുപോകാനാണ് വിജയിന്റെ തീരുമാനം.
Photo and News Source: Janmabhumi










