യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കും കോൺഗ്രസിനുള്ളിലെ വിഭാഗീയ പ്രവർത്തനങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്. പാർട്ടിയിൽ സംഘടനാപരമായ മര്യാദകൾ പാലിക്കണമെന്നും, തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതുപോലെയുള്ള അപകടകരമായ പ്രവണതകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തെരുവിലിറങ്ങിയുള്ള ഇത്തരം പ്രതിഷേധങ്ങൾ പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചവരെ കോൺഗ്രസുകാരായി കാണാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെ സി വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നെങ്കിൽ അതും ഇവർ നശിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനാ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളെ ഭയന്നാണ് പല നേതാക്കളും ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക് അവസാന നിമിഷം വരെ പൊരുതാമെങ്കിലും, അത് തെരുവ് യുദ്ധമായി മാറരുത്. ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുത്താൽ പിന്നെ ഒരു എതിർശബ്ദവും ഉയരില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അവകാശമുണ്ടെന്നും, അത് നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിച്ചുകൊണ്ട്, പാർട്ടിയിലെ ചിലരുടെ നിലപാടുകളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
Photo and News Source: Kerala Kaumudi









