നാഷണല്‍ പെയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) ഉപകമ്പനിയായ എന്‍പിസിഐ ഭാരത് ബില്‍പേ (NBBL), പ്രമുഖ ഫിന്‍ടെക് കമ്പനിയായ ജസ്പേയുമായി (Juspay) ചേര്‍ന്ന് പുതിയ 'ബാങ്കിങ് കണക്ട്' (Banking Connect) സംവിധാനം അവതരിപ്പിച്ചു. ആപ്പ് അധിഷ്ഠിത നെറ്റ് ബാങ്കിങ് സേവനങ്ങളെ കൂടുതല്‍ വേഗമേറിയതും സുരക്ഷിതവുമാക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
ഈ പുതിയ സ്വിച്ച് സംവിധാനവും സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റ് കിറ്റും (SDK) ബാങ്കുകള്‍ക്കും മറ്റ് പങ്കാളികള്‍ക്കും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ സേവനങ്ങള്‍ സംയോജിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ഇത് ബാങ്കിങ് കണക്ട് സെന്‍ട്രല്‍ സ്വിച്ചിലേക്കുള്ള സുഗമമായ റൂട്ടിങ് സാധ്യമാക്കുകയും ഇടപാടുകള്‍ ലളിതമാക്കുകയും ചെയ്യും.
ഉപഭോക്താക്കള്‍ക്ക് മികച്ച നെറ്റ് ബാങ്കിങ് അനുഭവം നല്‍കാനാണ് ഈ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നതെന്ന് എന്‍ബിബിഎല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ നൂപുര്‍ ചതുര്‍വേദി വ്യക്തമാക്കി. ബാങ്കുകള്‍ക്കും പങ്കാളികള്‍ക്കും നൂതനവും ലളിതവുമായ ഒരു സംവിധാനമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും, ഭാവിയിലേക്കുള്ള സുരക്ഷിതമായ പെയ്മെന്‍റ് രീതികള്‍ക്ക് ഇത് അടിത്തറ പാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കുകള്‍ നെറ്റ് ബാങ്കിങ് സംയോജനങ്ങളെ സമീപിക്കുന്ന രീതിയില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ ബാങ്കിങ് കണക്ടിന് സാധിക്കുമെന്ന് ജസ്പേ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും സഹസ്ഥാപകയുമായ ശീതല്‍ ലാല്‍വാനി പറഞ്ഞു. സുരക്ഷിതവും സുഗമവുമായ ഡിജിറ്റല്‍ പെയ്മെന്‍റ് അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ വ്യക്തമാക്കി.
Photo and News Source: Sathyam Online










