തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് സൂപ്പർ താരം വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേക്ക്. ദ്രാവിഡ രാഷ്ട്രീയത്തിലെ വൻമരങ്ങളായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നിവയുടെ ആധിപത്യത്തിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് ആദ്യമായി ഒരു സഖ്യസർക്കാർ രൂപീകരിക്കാൻ ടി.വി.കെ ഒരുങ്ങുകയാണ്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ വിജയിയുടെ സഖ്യം മറികടന്നു.
തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടി.വി.കെയ്ക്ക് കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളും ഇടത് പാർട്ടികളുടെ നാല് പ്രതിനിധികളും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ തികയാതെ വന്നതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) തങ്ങളുടെ രണ്ട് എം.എൽ.എമാരുടെ പിന്തുണ വിജയിക്ക് നൽകാൻ തീരുമാനിച്ചത്. ഇതോടെ സഖ്യത്തിന്റെ ആകെ ബലം 118 ആയി ഉയർന്നു.
നിലവിൽ മൂന്ന് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ കൂടി വിജയ് ക്യാമ്പിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നേരത്തെ പിന്തുണക്കത്തുകൾ ഇല്ലാത്തതിനാൽ ഗവർണർ ആർ.വി. അർലേക്കർ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം തള്ളിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ വിജയ് ഉടൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിക്കും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അതേസമയം, ഇടത് പാർട്ടികൾ മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്ന് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
തമിഴ് മണ്ണ് ഇനി 'ദളപതി'യുടെ ഭരണത്തിന് കീഴിലാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്. വി.സി.കെയുടെ അപ്രതീക്ഷിത നീക്കം വിജയിയുടെ അധികാരാരോഹണം സുഗമമാക്കിയതോടെ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയ യുഗത്തിന് തുടക്കമായിരിക്കുകയാണ്.
Photo and News Source: Suprabhaatham







.png)

