തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിനായി വിടുതലൈ ചിരുതൈകൾ കച്ചിയുടെ (വിസികെ) പിന്തുണ തേടുന്നു. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണ്. നിലവിൽ 108 സീറ്റുകൾ നേടിയ വിജയിക്ക് സഖ്യകക്ഷികളുടെ പിന്തുണയോടെ 117 സീറ്റുകൾ വരെ മാത്രമേ എത്താൻ സാധിക്കൂ. ഭരണം ഉറപ്പിക്കാൻ വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളത്.

ഈ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് വിസികെ അദ്ധ്യക്ഷൻ തോൾ തിരുമാവളവൻ കടുത്ത ഉപാധികളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനവും മറ്റൊരു മന്ത്രിസ്ഥാനവും വിസികെയ്ക്ക് നൽകണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ, വിജയ് ഒഴിഞ്ഞു കൊടുക്കുന്ന ഒരു സീറ്റ് വിസികെയ്ക്ക് നൽകണമെന്നും, തിരുമാവളവൻ എംപി സ്ഥാനം ഒഴിഞ്ഞാൽ പകരം വരുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി പിന്തുണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജാതി-മത വിവേചനങ്ങൾക്കെതിരെ പ്രത്യേക നിയമം കൊണ്ടുവരണമെന്നും, ദുരഭിമാനക്കൊല ക്രിമിനൽ കുറ്റമാക്കണമെന്നും വിസികെ ആവശ്യപ്പെടുന്നു. ദലിത് അവകാശ പ്രസ്ഥാനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് തിരുമാവളവൻ ഈ സമ്മർദ തന്ത്രം പയറ്റുന്നത്. വിസികെയുടെ ഉപാധികളോട് വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അണിയറയിൽ ചർച്ചകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. വിസികെയുടെ അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും. തമിഴ്‌നാട്ടിൽ ഒരു 'കിംഗ് മേക്കർ' റോളിലേക്ക് വിസികെ മാറുമ്പോൾ, ഭരണം ഉറപ്പിക്കാൻ വിജയ് ഏത് തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നത് തമിഴകം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

Photo and News Source: Suprabhaatham